
ബീവാര്‍ (രാജസ്ഥാന്): ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ആറു മാസം പ്രായം തികയുന്ന ദിവസം മുതല്‍ ഏതു സമയത്തും അവരുടെ വിവാഹം നടത്താം. ആര് ആരെ വിവാഹം കഴിക്കണമെന്ന് കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ തീരുമാനിക്കും. വിവാഹമോ കുടുംബമോ എന്തെന്നറിയാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ അതനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
രാജസ്ഥാനിലെ ബീവാര്‍ ജില്ലയിലുള്ള ദേവ്മാലി ഗ്രാമത്തിലാണ് 21ാം നൂറ്റാണ്ടിലും ഇത് നിര്‍ബാധം തുടരുന്നത്. ഇവിടെ ഈ ഗ്രാമത്തിന്റേതായ ഗോത്രനിയമങ്ങളാണുള്ളത്. അതനുസരിക്കാന്‍ ഗ്രാമവാസികളെല്ലാം ബാധ്യസ്ഥരാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പൊതുനിയമങ്ങളൊന്നും ഗ്രാമീണരെ സ്പര്‍ശിക്കുന്നില്ല. ഇവിടെ പൊതുനിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം മുതിരാറുമില്ല.

മണ്‍വീടുകളിലാണ് ഗ്രാമവാസികളെല്ലാം ജീവിക്കുന്നത്. ചെത്തി പാകപ്പെടുത്താത്ത ചെറുകല്ലുകള്‍ മണ്ണും ചാണകവും കൂട്ടിക്കുഴച്ച് അതു ചേര്‍ത്ത് അടുക്കിവെച്ച് അതിനുമേല്‍ ഈ മിശ്രിതം തന്നെ തേച്ചുമിനുക്കി നിര്‍മിച്ച മനോഹരമായ വീടുകള്‍. അതിനു മുകളില്‍ ഓടു പാകിയ മേല്‍ക്കൂര. സിമന്റ്, മണല്‍, കരിങ്കല്ല് തുടങ്ങിയ ഇതര നിര്‍മാണസാമഗ്രികളുപയോഗിച്ച് വീടുണ്ടാക്കാന്‍ ഗ്രാമത്തിലെ നിയമം അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള നാനൂറിലധികം വീടുകളുണ്ട് ഈ ഗ്രാമത്തില്‍. മൊത്തം ജനസംഖ്യ മൂവായിരത്തോളം. എല്ലാം ഗുര്‍ജര്‍ സമുദായക്കാര്‍.
എ.ഡി. 964ല്‍ ദേവ് നാരായണ്‍ എന്നൊരു മനുഷ്യന് ഈ നാട്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഗ്രാമത്തിന്റെ ഉത്ഭവം. അദ്ദേഹം എവിടെനിന്നാണ് വന്നതെന്ന് ഇന്നും ആര്‍ക്കുമറിയില്ലെന്ന് ഗ്രാമവാസിയായ യുവാവ് വീരം ഗുര്‍ജര്‍ പറഞ്ഞു. താന്‍ ദൈവമാണെന്നും ശിവന്റെ അവതാരമാണെന്നുമാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. നാട്ടുകാര്‍ അത് വിശ്വസിച്ചു. ഈ ഗ്രാമം സ്ഥാപിച്ചത് ദേവ് നാരായണാണ്. ഗ്രാമത്തിന് ദേവ്മാലി എന്ന പേര് കിട്ടിയത് അങ്ങനെയാണ്.

ഗ്രാമത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങളെല്ലാം ദേവ് നാരായണ്‍ ഉണ്ടാക്കിയതാണ്. ആറു മാസം മുതല്‍ വിവാഹമാവാം, എന്നാല്‍ ഒരുമിച്ചു താമസിക്കാന്‍ അനുവദിക്കേണ്ടത് പെണ്‍കുട്ടി ഋതുമതിയായതിനു ശേഷം മാത്രം, മണ്ണും കല്ലും ചാണകവുമുപയാഗിച്ചല്ലാതെ വീടുണ്ടാക്കരുത്, സസ്യേതര ഭക്ഷണം പാടില്ല, മദ്യം ഉപയോഗിക്കരുത്… ഇങ്ങനെ പോകുന്നു ഇവിടുത്തെ നിയമങ്ങള്‍.
കൃഷിയും കാലിവളര്‍ത്തലുമാണ് ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗം. കൂടിയ അളവില്‍ പാല് നല്കുന്ന ഇനം പശുക്കളെയും എരുമകളെയുമാക്കെ ഗ്രാമീണര്‍ വളര്‍ത്തുന്നു. പാല് സമീപപ്രദേശങ്ങളില്‍ വില്‍ക്കുന്നു. കന്നുകാലികളെയും ഇതര സംസ്ഥാനങ്ങളിലടക്കം എത്തിച്ച് വില്‍ക്കുന്നു. കേരളത്തിലടക്കം ഇവിടെനിന്നുള്ള കാലികള്‍ വില്പ്പനയ്ക്കെത്തുന്നുണ്ടെന്ന് കാലിക്കച്ചവടം തൊഴിലാക്കിയ വീരം ഗുര്‍ജര്‍ പറഞ്ഞു.

ഗ്രാമത്തിനടുത്ത് സ്കൂളും കോളേജുമൊക്കെയുണ്ട്. പുതിയ തലമുറ വിദ്യാഭ്യാസം നേടുന്നുണ്ട്. അവരില്‍ ചിലര്‍ പുറംനാടുകളില്‍ പോയി മറ്റു ജോലികള്‍ ചെയ്ത് ജീവിക്കുന്നുമുണ്ട്.
ഗ്രാമത്തിലെ ഒരു കുന്നിന്മുകളില് ദേവ് നാരായണിന്റെ ക്ഷേത്രമുണ്ട്. അദ്ദേഹമാണ് അവിടെ ആരാധനാമൂര്‍ത്തി. ക്ഷേത്രത്തിന് സ്ഥലം കണ്ടെത്തിയതും നിര്‍മാണത്തിന് തുടക്കമിട്ടതും അദ്ദേഹം തന്നെ. മറ്റൊരു ദൈവത്തെയും ഗ്രാമീണര്‍ ആരാധിക്കുന്നില്ല.
