തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കർ ഭൂമി സർക്കാരിന് സൗജന്യമായി വിട്ടുനൽകി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശിയും ഐ. ബി സതീഷ് എം എൽ. എ യുടെ അയൽവാസി കൂടിയായ ഗോവിന്ദൻ മേസ്തിരിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരേഖകൾ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു രേഖാ കൈമാറ്റം. കാട്ടാക്കട എം.എൽ.എ. ഐ.ബി സതീഷിന്റെ മുൻകൈയിലാണ് സർക്കാരിന്റെ അസിസ്റ്റീവ് വില്ലേജ് പദ്ധതിക്ക് ഭൂമി ലഭ്യമാക്കിയത്.
പദ്ധതി വിപുലീകരിക്കുന്നതിന് ആവശ്യമായി വന്നാൽ 50 സെന്റ് കൂടി കൈമാറാമെന്ന് ഗോവിന്ദൻ മേസ്തിരി ഉറപ്പ് നൽകി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തെ ഭിന്നശേഷിസൗഹൃദമാക്കാൻ കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ഭിന്നശേഷിക്കാരുടെ സമഗ്രമായ സാമൂഹ്യ പുനരധിവാസത്തിന് സർക്കാർ മേഖലയിൽ സ്ഥാപിക്കുന്ന രാജ്യത്തെതന്നെ മാതൃകാസംരംഭമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.