
മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല നാടക വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന നാടകക്കളരി സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന ക്യാമ്പ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു . മേഖല നാടക വേദി കൺവീനർ മനോജ് എടപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ലിജിത്ത് പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ.വീരമണി, പ്രതിഭ നാടക വേദി കൺവീനർ എൻ.കെ.അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല സെക്രട്ടറി മഹേഷ്, മേഖല പ്രസിഡണ്ട് ഷിജു പിണറായി എന്നിവർ സന്നിഹിതരായിരുന്നു. നാടക പ്രവർത്തകരായ പ്രവീൺ രുഗ്മ ഏഴോം, ഉദയൻ കുണ്ടംകുഴി എന്നിവർ നാടകത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചു കൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ക്യാമ്പ് നയിച്ചു.

പ്രതിഭയിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ നാടക തല്പരരായവർ ക്യാമ്പിൽ പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ വെച്ച് ക്യാമ്പ് ഡയറക്ടർമാർക്കുള്ള ഉപഹാരം രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ,ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവർ കൈമാറി. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും പ്രസ്തുത ചടങ്ങിൽ വെച്ച് വിതരണം ചെയ്തു .
