
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക-സുരക്ഷാ മേഖലകളിൽ വനിതാ ശാക്തീകരണത്തിന്റെ പുതിയൊരു ചരിത്രമെഴുതി ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ-ഷലീൻ ആദ്യ വനിതാ പൊലീസ് പൈലറ്റാകാൻ ഒരുങ്ങുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പൊലീസ് ഏവിയേഷൻ വിംഗിന്റെ പ്രതിനിധിയായി വ്യോമയാന ശാസ്ത്രം പഠിക്കുന്നതിനായി ദാന ഗ്രീസിലേക്ക് തിരിച്ചു. കുവൈത്തിലെ സൈനിക സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ ഈ നേട്ടം കൈവരിക്കുന്നത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സൈനിക ഉദ്യോഗസ്ഥരുടെ വികസനത്തിനായുള്ള ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ഗ്രീസിലെ പരിശീലന കാലയളവിൽ ദാന അൽ-ഷലീൻ വ്യോമയാന മേഖലയിലെ നൂതനമായ അക്കാദമിക് പാഠങ്ങളും പ്രായോഗിക പറക്കൽ പരിശീലനവും നേടും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതോടെ കുവൈത്ത് പൊലീസ് ഏവിയേഷൻ വിംഗിൽ പൈലറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കാൻ ഇവർക്ക് സാധിക്കും.


