കോട്ടയം: പാലാ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. വിവാദമായ എയർ പോഡ് മോഷണത്തിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്.
എയർ പോഡ് മോഷണത്തിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടവും മറ്റൊരു ഇടത് അംഗവും വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു. ഇതോടെയാണ് മാണി ഗ്രൂപ്പ് കൗൺസിലർ തോറ്റത്.എയർ പോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സി പി എം അംഗങ്ങൾ തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി ആരോപിച്ചു. കൗണ്‍സില്‍ യോഗത്തിനിടെ കാണാതായ തന്റെ എയര്‍പോഡ് ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നാണ് ജോസ് ചീരാങ്കുഴിയുടെ ആരോപണം. ഇതിന് തന്റെ കൈയില്‍ ഡിജിറ്റല്‍ തെളിവുണ്ടെന്നും ജോസ് അവകാശപ്പെട്ടിരുന്നു. എയര്‍പോഡ് മാഞ്ചസ്റ്ററിലേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലാ നഗരസഭാ കൗണ്‍സിലില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.