കൊച്ചി: മലപ്പുറത്തെ സ്വന്തം ഫാമിലെ പശുക്കൾ കുളമ്പുപ്രശ്നങ്ങളാൽ വലഞ്ഞ കാലമാണ് നൗഷാദ് മേലേത്തൊടിയുടെ ജീവിതത്തിലെ വഴിത്തിരിവ്. കുളമ്പ് വളർച്ച മൂലം മുടന്തിനടന്ന അരുമകൾക്ക് ആശ്വാസം പകരാൻ ഹൂഫ് ട്രിമ്മിംഗ് പഠിച്ചു. കുളമ്പു ചെത്തിവൃത്തിയാക്കി പശുക്കളുടെ നടപ്പ് സുഗമമാക്കുന്ന ജോലി. ഇന്ന് വരുമാനം ആയിരങ്ങൾ.കുളമ്പൊരുക്കൽ പരമ്പരാഗതമായി ചെയ്യുന്ന തമിഴ്നാട്ടിലെ ഗ്രാമീണരിൽ നിന്നാണ് പഠിച്ചത്. ഇന്റർനെറ്റിലെ അറിവുകളും സഹായിച്ചു. 2014ൽ സ്വന്തം ഡിസൈനിൽ ‘ട്രിമ്മിംഗ് ച്യൂട്ട് ” നിർമ്മിച്ചു.
പശുക്കളെ ഒതുക്കിനിറുത്താനുള്ള ലോഹക്കൂടാണിത്. കുളമ്പുകൾ രാകി ഷെയ്പ്പാക്കാൻ ഇലക്ട്രിക് ട്രിമ്മറും വളഞ്ഞ കത്തിയും വിദേശത്തുനിന്ന് വരുത്തി. ആദ്യം സ്വന്തം ഫാമായ സഫയിലെ പശുക്കളുടെ കുളമ്പു വൃത്തിയാക്കി. തുടർന്ന് തൊഴിലായി സ്വീകരിച്ചു.കേരളത്തിലും അയൽസംസ്ഥാനങ്ങളിലും നൗഷാദിന്റെ സേവനമുണ്ട്. പ്രത്യേക ടീമും വാഹനവുമുണ്ട്. ദിവസം 20- 30 പശുക്കളുടെ കുളമ്പ് ഭംഗിയാക്കും. അനിവാര്യമെങ്കിൽ ആടുകൾക്കും ട്രിമ്മിംഗ് ചെയ്യും.പഞ്ചാബിലെ ഡയറി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നൗഷാദ് ശാസ്ത്രീയപരിശീലനവും നേടി. തായ്ലൻഡിൽ നിന്നുള്ള ഡോ. ജൗട്രോംഗാണ് ക്ലാസെടുത്തത്. വേങ്ങര സ്വദേശിയാണ് നൗഷാദ്(44). ഭാര്യ: ജസീല. മക്കൾ: ഇഹ്ജാസ്, ആബിദ, മുബാറക്, മാലിക്.മനുഷ്യനഖം പോലെ വളരുന്നതാണ് കാലികളുടെ കുളമ്പും. മേഞ്ഞുനടക്കുന്നവയ്ക്ക് കുളമ്പുകൾ തേയുന്നതിനാൽ പ്രശ്നങ്ങൾ കുറവാണ്. തൊഴുത്തിൽ വളർത്തുന്ന പശുക്കൾക്ക് കുളമ്പുവളർച്ച ദോഷമാകും. മുടന്തുകൊണ്ട് വേദനയും കൂനും വരും. തീറ്റയെടുക്കാതെയാകും. പാലും കുറയും. കുളമ്പിൽ വിടവുള്ളതിനാൽ കല്ലും ആണിയും കുത്തിക്കയറി പഴുക്കും. പഴുപ്പ് നീക്കാനും ട്രിമ്മിംഗ് സഹായിക്കും.പാക്കേജ് ഇങ്ങനെഒരു പശുവിന് 3,000 രൂപ. ഒരേ സ്ഥലത്തെങ്കിൽ അഞ്ചെണ്ണത്തിന് 5,000. പത്തെണ്ണം വരെ 9,000 രൂപ. 15 എണ്ണത്തിന് 12,000. ബാൻഡേജ് നിരക്ക് അധികം നൽകണം.”കുളമ്പുരോഗം നാലാംഘട്ടമെത്തിയാൽ രക്ഷിക്കാനാവില്ല.പശുക്കളുടെ കുളമ്പ് ആറു മാസത്തിലൊരിക്കൽ ചെത്തിമിനുക്കുന്നതാണ് വിദേശരീതി.