ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ഈസ്റ്റർ വിഷു ആഘോഷങ്ങളും ലക്ഷ്യമിട്ട് ഭിക്ഷാടന മാഫിയ നഗരങ്ങളിൽ തഴച്ചുവളരുന്നു. തമിഴ്നാട്, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള യാചകസംഘമാണ് ഇടുക്കി ജില്ലയിൽ തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഉത്സവ സീസണിലാണ് പ്രൊഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു.രോഗികളായും ശാരീരിക വൈകല്യമുള്ളവരായും അഭിനയിച്ചെത്തി ആളുകളെ പിഴിയുന്ന സംഘം ഹൈറേഞ്ചിലും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് പ്രധാനമായും തമ്പടിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് ചെക്പോസ്റ്റ് വഴി കുമളിയിലെത്തി പല സംഘങ്ങളായി തിരിഞ്ഞു ഭിക്ഷ യാചിക്കാനിറങ്ങും. പുലർച്ചെ ഒരു സ്ഥലത്ത് ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട സ്ഥലങ്ങൾ ഇവർ തന്നെ തീരുമാനിക്കും. പരമാവധി രണ്ടുമാസം മാത്രമേ ഇവരെ ഒരു സ്ഥലത്തു കാണാനാകൂ.മദ്ധ്യകേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പ്രൊഫഷനൽ ഭിക്ഷാടകർക്ക് ഏറ്റവും പ്രിയമുള്ള സ്ഥലമാണ് ഇടുക്കിയെന്നു പൊലീസ് പറയുന്നു. പണം സമ്പാദിച്ചശേഷം അതിർത്തി കടക്കാൻ എളുപ്പമാണെന്നതും വീടുകൾ കയറിയിറങ്ങി പിരിവെടുത്താൽ ഗ്രാമീണമേഖലയിൽ നിന്നു വൻതുക പിരിച്ചെടുക്കാമെന്നതും ഭിക്ഷാടകരെ ഇടുക്കിയിലേക്ക് ആകർഷിക്കുന്നു.
രാവിലെ ഒൻപത് മുതൽ നഗരത്തിലെ വിവിധ കടകൾ കയറിയിറങ്ങുകയാണ് സ്ത്രീകൾ ഉൾപ്പെട്ട ഈ സംഘം. ഹോട്ടലുകളുടെയും മറ്റും കവാടത്തിന് മുന്നിൽ കാത്തുനിൽക്കുന്ന ഇവർ ഭക്ഷണം കഴിച്ചെത്തുന്നവർക്കുനേരെ കൈ നീട്ടും. രാവിലെ മുതലുള്ള ഇവരുടെ ശല്യംകൊണ്ട് വ്യാപാരികളും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരും വലയും. യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് ബസ് സ്റ്റാൻഡിന് സമീപം തമ്പടിച്ച് വീതിച്ചെടുക്കും. ഇവരിൽ നിന്നുള്ള വീതം കൈപ്പറ്റാൻ ഭിക്ഷാടന മാഫിയയിൽപ്പെട്ടവർ കൃത്യമായി എത്തുന്നുണ്ട്. തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ചും കൈയും കാലുമൊക്കെ പ്ലാസ്റ്ററും ചുറ്റിയുമാണ് സംഘം ഭിക്ഷാടനത്തിന് എത്തുന്നത്. ക്രിമിനൽ സ്വഭാവമുള്ളവരും സംഘത്തിലുണ്ട്.