
പി.ആർ. സുമേരൻ
കൊച്ചി: പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന പ്രമേയമുണ്ടെങ്കിലേ സിനിമ വിജയിക്കുകയുള്ളൂയെന്ന് സംവിധായകന് രാജേഷ് അമനകര. മലയാള സിനിമ വലിയ മാറ്റത്തിന്റെ പാതയിലാണ്. എന്തെങ്കിലും ചെയ്ത് കൂട്ടിയാല്‍ സിനിമ വിജയിക്കുമെന്ന ധാരണ ശരിയല്ല. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്ന അഭിരുചികളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും രാജേഷ് അമനകര പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘കല്യാണമര’ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു രാജേഷ്.

സിനിമയില്‍ ഒത്തിരി സാധ്യതകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. നവാഗതരായ സംവിധായകര്‍ പോലും മികച്ച സിനിമകള്‍ സൃഷ്ടിക്കുന്നുണ്ട്. സിനിമയില്‍ വന്നിട്ടുള്ള സാങ്കേതിക വളര്‍ച്ചയും സിനിമയുടെ മേക്കിംഗില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സാങ്കേതിക വളര്‍ച്ച എന്തുകൊണ്ടും മികച്ച സിനിമ ഒരുക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അഭിനയ പ്രതിഭകളായ അഭിനേതാക്കളുടെയും മികച്ച ടെക്നിക്കല്‍ വിദഗ്ദരുടെയും വലിയ നിര തന്നെ സിനിമയിലേക്ക് വരുന്നുണ്ട്. നവാഗതരായ സംവിധായകരും നല്ല സിനിമകള്‍ ഒരുക്കുന്നു. അങ്ങനെ മലയാള സിനിമ ഒരു വിജയത്തിന്റെ വഴിയിലാണ്. പക്ഷേ പ്രമേയമാണ് പരമപ്രധാനം. നല്ല കഥയും തിരക്കഥയും നിര്‍ബന്ധമാണ്. അതിനോടൊപ്പം ആവിഷ്ക്കാരവും. എന്തൊരുക്കി കൊടുത്താലും പ്രേക്ഷകന് സ്വീകരിക്കും എന്ന ധാരണ മണ്ടത്തരമാണ്. പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രമേയം സ്വീകരിക്കപ്പെടുന്നുണ്ട്. പ്രേക്ഷകരെ മുന്‍നിര്‍ത്തിയുള്ള സിനിമാ മേക്കിംഗാണ് വരും കാലത്ത് കൂടുതല്‍ സ്വീകരിക്കപ്പെടുക സംവിധായകന് രാജേഷ് അമനകര വ്യക്തമാക്കി.’കല്യാണമരം’

ഒരു ഫാമിലി മൂവിയാണ്. അതിശയോക്തിയൊന്നുമില്ലാതെ രസകരമായി കഥയ പറയുകയാണ്. വളരെ തമാശ രൂപേണ കുടുംബ ജീവിതം അനാവരണം ചെയ്യുന്നതിലൂടെ കല്യാണമരം എല്ലാത്തരം പ്രേക്ഷകരും സ്വീകരിക്കപ്പെടും എന്നാണ് തന്റെ വിശ്വാസം എന്ന് രാജേഷ് ചൂണ്ടിക്കാട്ടി.


