കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറ കൊയിപ്രയിലെ അഞ്ചു വയസ്സുകാരിയുടെ മൂക്കില്‍ അബദ്ധത്തില്‍ തറച്ചു കയറിയ വലിയ പെന്‍സില്‍ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു.
ഒക്ടോബര്‍ ആറിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല പകരം പെന്‍സില്‍ മൂക്കിനുള്ളിലേക്ക് പിന്‍വശത്തേക്ക് കയറിപ്പോയ നിലയില്‍ ആണെന്ന് കണ്ടത്തിയത്. ഇഎന്‍ ടി ഡിപ്പാര്‍ട്ട്മെന്റിലെ എന്റോസ്കോപ്പി പ്രൊസീജിയര്‍ വിഭാഗത്തിലെ വിദഗ്ധ പരിശോധനയെ തുടര്‍ന്ന് പെന്‍സില്‍ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസല്‍ എന്റോസ്കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ ഏകദേശം നാല് സെന്റിമീറ്റര്‍ നീളവും കട്ടി കൂട്ടിയതുമായ പെന്‍സില്‍ പുറത്തെടുക്കുകയും ചെയ്തു.
ഇതര സ്വകാര്യ ആശുപത്രികളില്‍ നിന്ന് പെന്‍സില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇഎന്‍ ടി വിഭാഗം മേധാവി ഡോ ആര്. ദീപ, ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ കരിഷ്മ, ഡ്യൂട്ടി പിജി ഡോ യശസ്വി കൃഷ്ണ എന്നിവരായിരുന്നു എന്റോസ്കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്. വേദനയും ആശങ്കയും മാറിയതോടെ നിരീക്ഷണത്തിലായിരുന്ന കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങി.