തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ മൈക്കിന് തകരാറുണ്ടായതിനെചൊല്ലി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. മുഖ്യമന്ത്രിയുടെ പ്രസംഗം മനപ്പൂർവം തടസപ്പെടുത്തിയിട്ടില്ലെന്നും വെറും പത്ത് സെക്കൻഡ് മാത്രമാണ് പ്രശ്നം ഉണ്ടായതെന്നും രഞ്ജിത് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ,
ആളുകൾ കേബിളിൽ തട്ടിയതാണ് പ്രശ്നമുണ്ടാകാൻ കാരണം. ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകുന്നതാണെന്നും രഞ്ജിത് വ്യക്തമാക്കി. മൈക്കും ആംപ്ലിഫയറുമൊക്കെ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായി പരിശോധിച്ച ശേഷം തിരിച്ചുതരാമെന്നാണ് പറയുന്നതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. കഴിഞ്ഞ പതിനേഴ് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ചുവരികയാണെന്നും ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ പരിപാടികൾക്ക് മൈക്ക് നൽകിയിട്ടുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി.
മുൻപും ഇത്തരത്തിൽ ‘മൈക്ക് ഹൗളിംഗ്’ ഉണ്ടായിട്ടുണ്ടെങ്കിലും കേസെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്കിടയിലാണ് കേസിന്സ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു. തുടർന്ന് കേരളാ പൊലീസ് ആക്ട് പ്രകാരം കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊതു സുരക്ഷയിൽ വീഴ്ച വരുത്തുന്ന പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യൽ എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത് എന്നാണ് വിവരം. കെ സുധാകരൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാൽക്കണിയിൽ നിന്ന് ചില പ്രവർത്തകർ “ഉമ്മൻ ചാണ്ടി സിന്ദാബാദ് ” മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം നീണ്ടപ്പോൾ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു. വേദിയിലിരുന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കൈയുയർത്തി മുദ്രാവാക്യം വിളി നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം പ്രസംഗമാരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് മൈക്കിൽ തകരാറുണ്ടായത്.