
ആലപ്പുഴ : കാർ കത്തി സീറ്റിലിരുന്ന ആൾ വെന്തുമരിച്ചു. ആലപ്പുഴ തായങ്കരിയിൽ ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറും മൃതദേഹവും പൂർണമായും കത്തിയ നിലയിലാണ്.എടത്വ പഞ്ചായത്തിൽ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്.ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാർ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു.പ്രദേശവാസി നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നതു കണ്ടാണ് പുറത്തിറങ്ങി നോക്കിയത്. അപ്പോഴാണ് സംഭവം കണ്ടത്. എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും മൃതദേഹവും പൂർണമായും കത്തിയിരുന്നു.അപകടം സംഭവിച്ചതെങ്ങനെയാണെന്ന് വ്യക്തമല്ല.

