മനാമ: ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച (ജനുവരി 23) സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ഉജ്വലമായ തുടക്കം കുറിച്ചു. അക്കാദമിക മികവിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും പൈതൃകം ആഘോഷിക്കുന്ന സ്കൂളിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിംഗ് അസി. അണ്ടർ സെക്രട്ടറി ഡോ. സന സെയ്ദ് അബ്ദുല്ല അൽ ഹദ്ദാദ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡയറക്ടർ ലുലുവ ഗസൻ അൽ മെഹന്ന എന്നിവർ സന്നിഹിതരായിരുന്നു. ബിസിനസ് പ്രമുഖരായ ലാൽചന്ദ് ഗജരിയ, ബാബു കേവൽറാം, നെവിൻ മെഗ്ചിയാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷനായിരുന്നു. മികവിനോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയെയും ഒരു ആഗോള സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സ്കൂളിന്റെ പങ്കിനെയും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. സ്കൂളിന്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഉജ്ജ്വലമായ ഘോഷയാത്രയായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേകത. പതിനൊന്നാം ക്ലാസിലെ ജോഹാൻ ജോൺസൺ ടൈറ്റസ് രൂപകൽപ്പന ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.
പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്മ്യൂണിറ്റി നേതാവായ മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു രൂപരേഖ അവതരിപ്പിച്ചു. ആലേഖ് പെയിന്റിംഗ് മത്സരം, വിദ്യാഭ്യാസ കോൺക്ലേവ്, സംഗീത കച്ചേരി, സാഹിത്യോത്സവം, നൃത്ത പ്രകടനം, ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവയും സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികളും ഒരു വർഷത്തിനകം നടപ്പാക്കും. നിരവധി വ്യവസായ പ്രമുഖരും കമ്മ്യൂണിറ്റി നേതാക്കളും മുൻ ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജുസർ രൂപവാല, ഭഗവാൻ അസർപോട്ട, വിജയ് കുമാർ മുഖിയ, ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ തോമസ്, സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, മുൻ ചെയർമാൻ എബ്രഹാം ജോൺ, മുൻ സെക്രട്ടറി സജി ആന്റണി, ഷാഫി പാറക്കട്ട, വിപിൻ കുമാർ, ജേക്കബ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. സ്കൂളിന്റെ 75 വർഷത്തെ ചരിത്ര യാത്രയെക്കുറിച്ചുള്ള വീഡിയോ ശ്രദ്ധേയമായിരുന്നു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ മാധവ് മനോഹർ , ജോനാഥൻ എബ്രഹാം ദിൽസൺ എന്നിവരാണ് ഈ വിഡിയോ ഒരുക്കിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തന്മയ് രാജേഷാണ് വിവരണം നിർവഹിച്ചത്. ലോഗോ ആനിമേഷൻ ഒരുക്കിയത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഗോർഡൻ ഗോഡ്വിൻ എടച്ചേരിലാണ്. പൂർവ്വ വിദ്യാർത്ഥിനി ബീന ബാബു നൃത്തസംവിധാനം നിർവഹിച്ച ഒരു ഉജ്ജ്വലമായ ഫ്ലാഷ് മോബ് കാണികളെ ആകർഷിച്ചു. ജൂനിയർ കാമ്പസിലെ കുരുന്നുകൾ അറബിക് നൃത്ത പ്രകടനത്തിലൂടെ മനം കവർന്നു. സ്കൂളിന്റെ സമ്പന്നമായ പൈതൃകത്തിന് ആദരവുമായി ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ രചിച്ച ഗാനം സ്റ്റാഫ് അവതരിപ്പിച്ചു. ജഷൻമാൽ ഗ്രൂപ്പ് ഡയറക്ടർ ടോണി ജഷൻമാളും മുൻ അധ്യാപിക എഡ്ന സെക്വേരയും സ്കൂളിന്റെ ആഘോഷത്തിന് ഹൃദയംഗമമായ വീഡിയോ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രാർത്ഥനാ നൃത്തത്തിലൂടെയാണ് നേരത്തെ സാംസ്കാരിക പരിപാടി തുടങ്ങിയത് . തുടർന്ന് ദേശീയ ഗാനാലാപനവും വിശുദ്ധ ഖുർആൻ പാരായണവും നടന്നു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ധന്യ സുമേഷ്,പ്രജീഷ ആനന്ദ്,സുമി മേരി ജോർജ്,കവിത ഗോപകുമാർ എന്നിവരുടെ മാർഗനിർദേശത്തിൽ ഹെഡ്ബോയ് ഷാൻ ഡയമണ്ട് ലൂയിസ് (12J), ഹെഡ്ഗേൾ അബിഗെയിൽ എല്ലിസ് ഷിബു (12B), ഇവാന റേച്ചൽ ബിനു (10J) എന്നിവർ അവതാരകരായിരുന്നു.