ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയിൽ രാത്രി ഉറങ്ങാൻ കിടന്ന 54 -കാരൻ വെടിയേറ്റ് മരിച്ചു. പ്ലാക്കൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. ആരാണ് വെടിവച്ചതെന്നത് പൊലീസ് അന്വേഷിക്കുകയാണ്. നായാട്ടുസംഘത്തിൻറെ വെടി അബദ്ധത്തിൽ കൊണ്ടതാണോയെന്നും പൊലീസ് സംശയിക്കുന്നു.രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തി. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
രാവിലെ പൊലീസ് ഫൊറൻസിക് സംഘത്തെയും വിരലടയാള വിദഗ്ദ്ധരെയുമെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം ഇൻക്വസ്റ്റ് നടത്തി. മുഖത്തിന് വെടിയേറ്റതായി പരിശോധനയിൽ കണ്ടെത്തി. കൈക്കും കഴുത്തിനും പരുക്കുകളുണ്ടായിരുന്നു.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ വെടിയുണ്ട കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കളയുടെ കതകിൽ വെടിയേറ്റ അഞ്ചു പാടുകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം. നാടൻ തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. തോക്കും പ്രതിയെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.