തൃശൂർ: സംസ്ഥാനത്ത് ആശങ്കയായി ഇന്നും പനി മരണങ്ങൾ തുടരുകയാണ്. തൃശൂർ ചാഴൂരിൽ ചികിത്സയിലായിരുന്ന എട്ടാം ക്ളാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. ചാഴൂർ കുണ്ടൂർ വീട്ടിൽ ധനിഷ്ക്(13) ആണ് മരിച്ചത്. കഴിഞ്ഞ 17 മുതൽ തൃശൂർ മെഡിക്കൽ കോളേജിൽ പനിക്ക് ചികിത്സയിലായിരുന്നു കുട്ടി. ചാഴൂർ എസ്.എൻ.എം.എച്ച് എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് ധനിഷ്ക്. കുട്ടിയെ ബാധിച്ചത് ഡെങ്കിപനിയാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശിയായ വിജയൻ മരിച്ചു. സംസ്ഥാനത്ത് ദിവസവും 12,000ത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് വിവരം. ഏറ്റവുമധികം പേർ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്. എന്നാൽ തലസ്ഥാനത്തും എറണാകുളം, കോഴിക്കോട് ജില്ലകളിലും പ്രതിദിനം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
അൻപത് വയസിൽ താഴെയുള്ളവരാണ് മരിച്ച മിക്കവരും. കൊല്ലത്ത് അഞ്ചാംക്ളാസ് വിദ്യാർത്ഥി അഭിജിത്തും മലപ്പുറത്ത് 13കാരനായ ഗോകുൽ എന്ന വിദ്യാർത്ഥിയും പനി ബാധിച്ച് മരിച്ചിരുന്നു. 10 ദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആകെ പനിബാധിതർ 1.12 ലക്ഷം പേരും. ഇന്നലെ മാത്രം 13,409 പേർ ചികിത്സ തേടി. വകുപ്പുകൾ സംയുക്തമായി നടത്താറുള്ള മഴക്കാല പൂർവ ശുചീകരണം ഇത്തവണ പേരിന് മാത്രമായത് കൊതുകും എലിയും പെറ്റുപെരുകാൻ കാരണമായി. ഫോഗിംഗ് ഉൾപ്പെടെ പ്രവർത്തനങ്ങളും നടന്നില്ല. മഴ കനത്താൽ സ്ഥിതി കൂടുതൽ വഷളാകും.