കുട്ടികളുടേതടക്കം 240 ലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇംഗ്ലണ്ടിലെ മുൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് കീഴിൽ നിന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ പെംബ്രോക്ക്ഷെയറിലെ ഹാവർഫോർഡ്വെസ്റ്റിലെ ഒരു പഴയ ഓക്കി വൈറ്റ് കെട്ടിടത്തിനടിയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2013 വരെ ഇവിടെ ഒരു ജനപ്രിയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ പ്രവർത്തിച്ചിരുന്നു. എന്നിരുന്നാലും, മധ്യകാലഘട്ടത്തിൽ, ഇവിടെ ഒരു മഠം പ്രവർത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. 1256-ൽ ഡൊമിനിക്കൻ സന്യാസിമാർ സ്ഥാപിച്ച സെന്റ് സേവ്യേഴ്സ് ആശ്രമമാണിതെന്ന് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു.
ഡൈഫെഡ് ആർക്കിയോളജിക്കൽ ട്രസ്റ്റിൽ നിന്നുള്ള സൈറ്റ് സൂപ്പർവൈസറായ ആൻഡ്രൂ ഷോബ്രോക്ക്, ഡോർമിറ്ററികൾ, സ്ക്രിപ്റ്റോറിയങ്ങൾ – എഴുത്തുകൾക്കും കൈയെഴുത്തുപ്രതികൾക്കുമായി നീക്കിവച്ചിരിക്കുന്ന മുറികൾ – സ്റ്റേബിളുകൾ, ഒരു ആശുപത്രി എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ ഒരു പ്രധാന സമുച്ചയമായി ആശ്രമത്തെ വിശേഷിപ്പിച്ചു. “സമ്പന്നർ മുതൽ സാധാരണ നഗരവാസികൾ വരെയുള്ള നിരവധി ആളുകളുടെ മൃതദേഹങ്ങൾ ഇവിടെ കണ്ടെത്താൻ കഴിയും” അദ്ദേഹം പറഞ്ഞു. 18-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ ശ്മശാനം ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.
അവശിഷ്ടങ്ങളിൽ പകുതിയോളം കുട്ടികളുടേതാണ്. അക്കാലത്ത് കുട്ടികളിലെ ഉയർന്ന മരണനിരക്കാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. എന്നിരുന്നാലും, അവശിഷ്ടങ്ങളിൽ ചിലരുടെ തലയ്ക്ക് പരിക്കേറ്റതായും കണ്ടെത്തി. ഇത് യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായതാകാം. പല പരിക്കുകളും അമ്പോ മറ്റ് ആയുധങ്ങളോ മൂലം സംഭവിച്ചതാണെന്നും ഷോബ്രൂക്ക് കൂട്ടിച്ചേർത്തു.