ബറൂച്ച്: ‘അർബൻ നക്സലുകൾ’ ഗുജറാത്തിലേക്ക് പുതിയ രൂപത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഇത്തരക്കാരെ ഗുജറാത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “അർബൻ നക്സലുകൾ പുതിയ രൂപഭാവങ്ങളോടെ ഗുജറാത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നിരപരാധികളും ഊർജ്ജസ്വലരുമായ നമ്മുടെ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു” അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയെയാണ് പ്രധാനമന്ത്രി പരോക്ഷമായി ഉദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് ചൂട് പിടിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ‘അർബൻ നക്സല്‍’ പരാമര്‍ശം.