ന്യൂഡൽഹി: രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ഫയലുകളിൽ ഒപ്പിടാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെങ്കിലും വിസമ്മതിച്ചുവെന്ന് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. ജമ്മു കശ്മീർ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട കേസുകളും കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കേസുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ആർ.എസ്.എസുമായി ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് തീർപ്പാക്കിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്തതായി ജമ്മു കശ്മീർ മുൻ ഗവർണർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കരാറുകൾ റദ്ദാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നൽകിയെന്നും മാലിക് പറഞ്ഞിരുന്നു.
മെഹ്ബൂബ മുഫ്തി സർക്കാരിൽ മന്ത്രിയായിരുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ട് കരാറുകളുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങളുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു എന്നും കൂട്ടിച്ചേർത്തു.