തൊടുപുഴ: സിപിഐയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എംഎൽഎ ഇ.എസ് ബിജിമോൾ. സ്ഥാനമാനങ്ങളുടെ പേരിൽ പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെപ്പെടുത്തേണ്ട, നിർഭയമായി പ്രവർത്തിക്കാൻ എന്നും സിപിഐക്കൊപ്പമാണെന്നും ബിജിമോൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തിന് ശേഷം ബിജിമോൾ പാർട്ടി വിടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് നടന്നത്. ഇത്തരം പോസ്റ്റുകൾ അസഹനീയമാണെന്ന് വ്യക്തമാക്കിയാണ് ബിജിമോൾ സോഷ്യൽ മീഡിയയിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന കൗൺസിൽ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പാർട്ടിയിൽ പുരുഷാധിപത്യമുണ്ടെന്ന് ബിജിമോൾ തുറന്ന് പറഞ്ഞിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ വിവാദം സൃഷ്ടിച്ചു. സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ളവർ ബിജിമോൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജിമോൾ സിപിഐ വിടുന്നതായി അഭ്യൂഹങ്ങൾ പരന്നത്.