തിരുവനന്തപുരം: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന് കേരളത്തിൽ ഒരു പോളിംഗ് സ്റ്റേഷൻ മാത്രമാണുള്ളത്. അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കെപിസിസി ആസ്ഥാനത്ത് ഏക പോളിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു.
ഈ മാസം 17ന് രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണൽ 19ന് നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ബാലറ്റിലൂടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം 69 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികളായ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും സജീവമായി പ്രചാരണത്തിനിറങ്ങുകയാണ്. ശശി തരൂർ മഹാരാഷ്ട്രയിലും ഖാർഗെ ജമ്മു കശ്മീരിലുമാണ് പ്രചാരണം നടത്തുന്നത്. ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച പിസിസികളുടെ നടപടിയിലുള്ള അതൃപ്തി ശശി തരൂർ പരസ്യമാക്കിയിരുന്നു. തരൂരിന്റെ പരാതി പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.