തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്പ 2’. അല്ലു അർജുൻ നായകനായി അഭിനയിച്ച ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിലും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അല്ലു അർജുനൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും പുഷ്പയിൽ തിളങ്ങി. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് അവതരിപ്പിച്ചത്. എന്നാൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിന് പകരം ബോളിവുഡ് താരം അർജുൻ കപൂർ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമ്മാതാവ് നവീൻ യേർനേനി.
‘പുഷ്പ 2’ ൽ അർജുൻ കപൂർ ഉണ്ടാകില്ലെന്നും ഭന്‍വര്‍ സിങ്ങ് ഷെഖാവത്തായി ഫഹദ് അഭിനയിക്കുമെന്ന് നവീൻ യെർനേനി വെളിപ്പെടുത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പുഷ്പയിലെ ‘ഉ അണ്ടവാ’ എന്ന ഗാനത്തിന് സമാനമായ ഒരു ഗാനരംഗം രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ ഇത്തവണ നൃത്തം ചെയ്യുന്നത് സാമന്ത ആയിരിക്കില്ല. ചിത്രത്തിൽ സാമന്തയ്ക്ക് പകരം ബോളിവുഡ് നടി മലൈക അറോറ എത്തുമെന്നാണ് അറിയുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. വിജയ് സേതുപതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പുഷ്പയിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷം അവതരിപ്പിക്കാൻ സുകുമാർ, സേതുപതിയെ സമീപിച്ചെങ്കിലും നടന്നില്ല.