ന്യൂയോർക്ക്: ആദിമ ക്രൈസ്തവ സഭയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തായ്വേരറുത്തുമാറ്റി , നിരവധി ത്യാഗങ്ങളുടെയും നഷ്ടപെടലുകളൂടേയും കടമ്പകൾ ദൈവക്രപയിൽ ശരണപെട്ടു അനായാസം പിന്നിടുകയും ഒന്നുമില്ലായ്മയിൽ നിന്നും അബ്രഹാം മാല്പനച്ചനും വിശ്വാസ സമൂഹവും വിശുദ്ധ വേദപുസ്തക സത്യങ്ങളിൽ അധിഷ്ഠിതമായി മാർത്തോമാ സഭ രൂപീകരിച് ഒന്നാം നവീകരണത്തിന് തുടക്കം കുറികുകയും ചെയ്തുവെങ്കിൽ ,അതിൻറെ പിന്തുടർച്ച എന്ന് വേണമെങ്കിൽ അവകാശപ്പെടാവുന്ന, ഒരു നൂറ്റാണ്ടിനപ്പുറം രണ്ടാം നവീകരണത്തിനുള്ള കാഹളം മുഴുകിയിരിക്കുകയാണ് മർത്തോമ സഭയിലെ മെത്രാപ്പോലീത്തയായി വാണരുളുന്ന ഡോ: തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത.
നവീകരണ കാലഘട്ടം മുതൽ തന്നെ മാർത്തോമാ സഭയിൽ പരിപാവനമായി കരുതുന്ന ഒന്നായിരുന്നു കൗദാശിക കർമ്മങ്ങളിൽ പുരുഷന്മാർക്ക് മാത്രം പങ്കാളിത്വം നൽകുകയെന്നത് .മുൻ മെത്രപ്പോലീത്താമാർ ആ പാരമ്പര്യം നാളിതുവരെ കാത്തു സൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായിരുന്നു ,എന്നാൽ സഭയിൽ ദീർഘ വർഷങ്ങളായി ഉയർന്ന കേൾക്കുന്ന , നോർത്ത് അമേരിക്കൻ ഭദ്രാസനം ഊർജിം പകർന്നു നൽകിയ, ഒന്നായിരുന്നു കൗദാശിക കർമ്മങ്ങളിൽ “സ്ത്രീകൾക്ക് പ്രാതിനിധ്യം”ലഭിക്കണമെന്നത് . ഒടുവിൽ നിയമാനുസ്രതമായി സഭയുടെ പാരമ്പര്യങ്ങളും,കീഴ്വഴക്കങ്ങളും മാറ്റിവെച്ചു മെത്രാപ്പൊലീത്ത അനുമതി നല്‍കിയതോടെ ഈ ആവശ്യത്തിന്റെ ആദ്യ കടമ്പ വിജയകരമായി പൂർത്തീകരിക്കപ്പെട്ടു.
സെപ്റ്റംബർ ആദ്യവാരം തിരുവല്ലായിൽ ചേർന്ന സഭ പ്രതിനിധി മണ്ഡലം മദ്ബഹായിൽ നടത്തപെടുന്നതുൾപ്പെടെ വിവിധ കൗദാശിക കർമ്മങ്ങളിൽ പുരോഹിതരെ സഹായിക്കുന്നതിന് പുരുഷന്മാർക്ക് മാത്രമായി ഇതുവരെ നൽകിയിരുന്ന ശുശ്രുഷകൻ(കപ്യാർ) എന്ന പദവി സ്ത്രീകൾക്കും നൽകുന്നതിന് ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുകയും എല്ലാ മാനദണ്ഡങ്ങളും യഥാവിധി പാലിച്ചു ഭരണഘടന ഭേദഗതി നടത്തി ഒടുവിൽ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കയ്യൊപ്പ് ലഭിക്കുകയും ചെയ്തത് സഭയുടെ ചരിത്രത്താളുകളിൽ തങ്കലിപികളിൽ എഴുതിചേർക്കപ്പെട്ടു കഴിഞ്ഞു.
പ്രതിബന്ധങ്ങളെ അവഗണിച്ചും സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടവരെ ചേർത്ത് നിർത്തുന്നതിനും, എല്ലാ മനുഷ്യരും ദൈവീക സൃഷ്ഠികളാണെന്നും, മുന്നിൽ നിൽക്കുന്ന സഹോദരന്റെ മുഖത്തു ക്രീസ്തുവിന്റെ മുഖം ദർശിക്കുവാൻ കഴിയണമെന്നും വിശ്വസിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അഭിവന്ദ്യ തിരുമേനി.കാലഘട്ടത്തിനനുശ്രതമായി മാറ്റങ്ങൾക്ക് വേണ്ടിഎക്കാലത്തും ധീരതയോടെ നിലകൊണ്ടിരുന്ന തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ഈ തീരുമാനം സഭയിൽ ഒരു യാഗാശ്വത്തെ അഴിച്ചുവിട്ട പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നതു.
കാലം ചെയ്ത ജോസഫ് മാർത്തോമ ഡാളസ്സിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച ഒരു വീഡിയോ അഭിമുഖത്തിൽ വളരെ ദീർഘവീക്ഷണത്തോടെ നടത്തിയ ഒരു പ്രവചനത്തിന്റെ പൂർത്തീകരണത്തിലേക്കാണോ പുതിയ തീരുമാനം വിരൽ ചൂണ്ടുന്നതെന്ന യാഥാർഥ്യത്തെ ഞെട്ടലോടെയാണ് സഭാജനങ്ങൾ ശ്രവിച്ചത് .(യൂട്യൂബ് ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു(https://www.youtube.com/watch?v=Pz6Lq6ro39I) . എപ്പിസ്കോപ്പൽ ചർച് ഉൾപ്പടെ വിവിധ സഭാവിഭാഗങ്ങൾ സ്ത്രീകൾക്ക് പട്ടത്വം നല്‍കുന്നതിനോട് മാർത്തോമാ സഭയുടെ നിലപാട് എന്താണെന്നുള്ള ചോദ്യത്തിന് വിശദീകരണം നൽകുകയായിരുന്നു ജോസഫ് മാർത്തോമ. അതെ സമയം സ്ത്രീകളെ പ്രത്യേക സ്ഥാനങ്ങളിൽ തളച്ചിട്ട് പുരുഷമേധാവിത്വം നില നിർത്താൻ ആഗ്രഹിച്ചിരുന്ന ചില യാഥാസ്ഥിതികരുടെയെങ്കിലും മുഖത്ത് ഏറ്റ കനത്ത പ്രഹരം കൂടിയാണ് തീരുമാനം.
തിയഡോഷ്യസ് മാർത്തോമ മെത്രാപോലിത്ത-നോർത്തമേരിക്ക യൂറോപ്പ് ഭസദ്രാസനാധിപനായിരുന്നപ്പോൾ ഭദ്രാസനത്തിൽ പ്രൗഢഗംഭീരമായി ഭദ്രാസന രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ദീർഘവീക്ഷണത്തോടെ പ്രാർത്ഥനാ നിരതനായി പാട്രിക് മിഷൻ ഉൾപ്പെടെയുള്ള നിരവധി പ്രൊജെക്ടുകൾക്കു രൂപം നൽകി ചരിത്രം രചിച്ചത് വളരെ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
തെറ്റ് ചെയ്യുന്നവർ ആരായാലും ചൂണ്ടിക്കാണിച്ചാൽ വലിപ്പച്ചെറുപ്പ ഭേദമെന്യ ഉടൻ നടപടികൾ സ്വീകരിക്കുക എന്നത് തിരുമേനിയുടെ ഭരണ തന്ത്രജ്ഞതയുടെ ഭാഗമായിരുന്നു . പിന്നീട് യഥാവിധി അന്വേഷിച്ചു ” തെറ്റുകൾ ഉണ്ടെങ്കിൽ” അവരെ ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവന്നിരുന്നുവെന്നതും സമീപ കാല സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഈ സമയത്തിനകം സാരമായി മാനസിക മുറിവുകൾ ഏറ്റ നിരപരാധികളും ഉൾപ്പെട്ടിരുന്നുവെന്നതും വിസ്മരിക്കാവുന്നതല്ല .സഭയുടെ ആത്മീകവും ഭുതീകവുമായ വളർച്ചക്ക് കൂടുതൽ എപ്പിസ്കൊപ്പാമാരുടെ സേവനം ലഭിക്കുന്നതിന് നാലു പുതിയ പട്ടക്കാരെ കണ്ടെത്തിമേല്പട്ടസ്ഥാനം നൽകുന്നതിന് പുതിയ മെത്രാപ്പോലീത്തയുടെ നേത്ര്വത്വത്തിൽ തീവ്ര ശ്രെമങ്ങൾ നടന്നു വരുന്നു. സഭയുടെ വിശ്വാസ ആചാരങ്ങളേയും മേലധ്യക്ഷ അധികാരത്തെയും സ്വയംഭരണാവകാത്തേയും പൂര്‍ണമായി അംഗീകരിക്കുന്നവരും തൃപ്തികരമായ ശാരീരാരോഗ്യവും വിശ്വാസ സ്ഥിരതയും ദൈവഭക്തിയും നല്ല നടത്തവും ഉത്തമ സ്വഭാവവും പക്വമതികളും ആയ പട്ടക്കാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എപ്പിസ്കോപ്പാ വിവാഹിതന് ആയിരിക്കാം എന്ന് വിശുദ്ധ ബൈബിള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയിലെ എപ്പിസ്കൊപ്പാമാര്‍ അവിവാഹിതര്‍ ആയിരിക്കണമെന്ന പുരാതന കീഴ്നടപ്പ് പാലിച്ചു കൊണ്ടുപോകുന്നത് ആവശ്യമുള്ളതിനാല്‍ എപ്പിസ്കോപ്പല്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ അ വിവാഹിതരായിരിക്കേണ്ടതാണെന്നു മെത്രപൊലീത്ത നിർദേശിച്ചിട്ടുണ്ട്.
കീഴ്വഴക്കങ്ങളും പാരമ്പര്യങ്ങളും മാറ്റിവെച്ചുകൊണ്ടു അത്മായ ശുശ്രുഷകരായി സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിന് സഭ സ്വീകരിച്ച നിലപാടുകൾ ഇതിനു കടകവിരുദ്ധമല്ലേ എന്നു ചോദിക്കുന്നവർക്കു നൽകാവുന്ന ഏക മറുപടി ഘട്ടം ഘട്ടമായി മാർത്തോമാ സഭയിൽ പട്ടത്വ ശുശ്രുഷയിൽ വനിതകൾക്കും, മേല്പട്ടസ്ഥാനത്തേക്കു തിരഞ്ഞെടുക്കപെടുന്നതിന് വിവാഹിതരായ പട്ടക്കാർക്കും വിശുദ്ധ ബൈബിള്‍ സത്യങ്ങളുടെ വെളിച്ചത്തിൽ തിയഡോഷ്യസ് മാർത്തോമ മെത്രാപോലിത്തയുടെ കാലഘട്ടത്തിൽ തന്നെ .അവസരം നൽകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത് .വനിതകളെ അത്മായ ശുശ്രുഷക പദവിയിലേക്ക് കൈപിടിച്ചുയർത്തുവാൻ സഭയിലെ ഭൂരിപക്ഷ പട്ടക്കാരും ചുമതലപെട്ടവരും കാണിച്ച ആത്മാർത്ഥത മേൽ വിഷയങ്ങളിലും പ്രകടമാക്കും എന്നും പ്രതീക്ഷിക്കാം .
യോഗ്യരായ എപ്പിസ്കൊപ്പാമാരെ തിരഞ്ഞെടുക്കുന്നതിന് മാർത്തോമ്മാസഭയിലെ അംഗങ്ങൾക്കു ലഭിക്കുന്ന പദവിയും സുവര്‍ണാവസരവും ശരിയായി വിനിയോഗികേണ്ടത് ഓരോരുത്തരുടെയും കടമയും കടപാടുമാണ്. മെത്രാപ്പോലീത്തയുടെ പ്രവർത്തനങ്ങൾക്കു സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുകയും ,മെത്രാപ്പോലീത്തയായി അവരോധിതനായ ശേഷം ആദ്യമായി ഡാളസ് (ഒക്ടോബര്‍ 12 നു ബുധനാഴ്ച )ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഒരു മാസകാലം നീണ്ടുനിൽക്കുന്ന അഭിവന്ദ്യ തിരുമേനിയുടെ അമേരിക്കൻ സന്ദർശനം ഭദ്രാസനത്തിനു ആത്മീക ചൈതന്യവും,ഓജസ്സും നൽകട്ടെ എന്നു ആശംസിക്കുകയും ഡാലസിലേക് ഹാർദ്ദവമായി സ്വാഗതം ചെയുകയും ചെയ്യുന്നു.
https://www.youtube.com/watch?v=Pz6Lq6ro39I