ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് അത്യാധുനിക ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. ഇസ്രയേൽ നഗരങ്ങളായ തെൽ അവീവ്, ഹൈഫ എന്നിവിടങ്ങളിൽ നാശം വിതയ്ക്കാൻ ശേഷിയുള്ള ഡ്രോണിന് ‘അറാഷ് രണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആവർത്തിച്ചുള്ള ഇസ്രായേലിന്റെ താക്കീത് മുൻനിർത്തിയാണ് അറാശ് രണ്ട് എന്ന ഡ്രോൺ വികസിപ്പിച്ചെടുത്തതെന്ന് ഇറാൻ കരസേനാ കമാണ്ടർ കിയോമസ് ഹൈദരി പറഞ്ഞു.
ഇസ്രയേൽ നഗരങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ഡ്രോണിന് കഴിയുമെന്നാണ് ഇറാന്റെ അവകാശവാദം. പുതിയ ഡ്രോണിന്റെ ശേഷി ഭാവിയിലെ സൈനിക അഭ്യാസങ്ങളിൽ പരീക്ഷിക്കുമെന്നും സൈനിക കമാൻഡർ പറഞ്ഞു. ഉപഗ്രഹ നിയന്ത്രിത മിസൈലുകളും ഇറാൻ വികസിപ്പിച്ചെടുത്തതായി സൈന്യം വെളിപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്വന്തം നിലയ്ക്ക് സൈനിക നീക്കങ്ങൾ നടത്താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്ഷമ പരീക്ഷിക്കരുതെന്നും ഇസ്രായേലിന്റെ സൈനിക ശക്തി അനുഭവിക്കുമെന്നും പ്രധാനമന്ത്രിയും ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.