തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഓണാഘോഷത്തിനുള്ള ക്ഷണക്കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കിട്ടുന്നത്. തിരുവനന്തപുരം ജില്ലയിലെ മുള്ളരംകോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസിലെ കൊച്ചുസുഹൃത്തുക്കളാണ് മന്ത്രിയെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
വിദ്യാർത്ഥിനിയായ മീനാക്ഷി ക്ലാസ്സിലെ എല്ലാവർക്കും വേണ്ടി കത്തെഴുതി. സുഖമാണോ മന്ത്രി അപ്പൂപ്പാ ? എന്ന് തുടങ്ങുന്ന കത്തില്‍ രണ്ടാം ക്ലാസിലെ 85 കൂട്ടുകാരാണ് മന്ത്രി അപ്പൂപ്പനെ ഓണാഘോഷത്തിന് ക്ഷണിച്ചത്.
“അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന് വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന് ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു.” – എന്നായിരുന്നു കത്ത്. ഈ കത്തിന് ഓണം ആഘോഷിക്കാൻ ഞാൻ എത്തും എന്നാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്.