കൊച്ചി: കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം നേരിയ മേഘവിസ്ഫോടനമാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ.കെ. മനോജ് പറഞ്ഞു. 10.2 സെന്റിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിലും മഴയുണ്ടാകും. നേരിയ മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വീടുകളും കടകളും വെള്ളത്തിനടിയിലാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ട്രെയിൻ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതിനിടെ കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ പറഞ്ഞു.