തിരുവനന്തപുരം: ആറൻമുള നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. എതിർ സ്ഥാനാർത്ഥി കെ.ശിവദാസൻ നായരുടെ ഇലക്ഷൻ ഏജന്റ് വി.ആർ. സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് ഹർജി നൽകിയത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ ഭർത്താവിന്റെ ബാങ്ക് വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ നിന്ന് മറച്ചുവച്ചെന്നാണ് വീണയ്ക്കെതിരെയുള്ള ആരോപണം. ഇതിന് പുറമെ തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സിറിയൻ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയതായും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ നേരത്തെ വസ്തുതകൾ പരിശോധിച്ച് ഹൈക്കോടതി തള്ളിയ വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2021 ൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവെന്നും അതിനാൽ ഈ ഹർജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ വീണയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും അതിനാൽ ഹർജി മെറിറ്റിൽ കേൾക്കേണമെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.