തിരുവനന്തപുരം: കേരള സർക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്ഐ. ‘കാര്യവാഹിന്റെ അധിക ജോലി ഗവർണർ ഏറ്റെടുക്കുന്നു’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം.
കണ്ണൂർ സർവകലാശാല വിഷയത്തിൽ സർവകലാശാലയുടെ സുതാര്യമായ സ്വയംഭരണാവകാശത്തെയും അത് നടപ്പാക്കാൻ നേതൃത്വം നൽകുന്ന സിൻഡിക്കേറ്റിനെയും വെല്ലുവിളിച്ചുകൊണ്ട് ഏകാധിപത്യ സ്വഭാവമാണ് ഗവർണർ കാണിക്കുന്നത്. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമർശങ്ങൾ തറവേലയുടെ ഭാഗമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
കണ്ണൂർ വി.സി ക്രിമിനലാണെന്നതാണ് ഗവർണറുടെ ഏറ്റവും പുതിയ പരാമർശം. കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഇടപെട്ട് മറ്റ് കേന്ദ്ര സർവകലാശാലകളിൽ ബി.ജെ.പി-സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത് പോലെ പ്രശ്നങ്ങൾ സൃഷ്ടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റുകൾ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.