പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.
പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിങ്ങനെയുള്ള ഈ പാണ്ഡവ ക്ഷേത്രങ്ങളിൽ ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നതും ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു..
പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ്. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കാം. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. മഹാഭാരത കാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്.