തിരുവനന്തപുരം: കിഫ്ബി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി അയച്ച സമൻസ് പിന്‍വലിക്കാൻ നിർദ്ദേശം നൽകണമെന്നും തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി തനിക്ക് അയച്ച രണ്ട് നോട്ടീസുകളിലും താൻ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ആരോപിച്ചു. കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമൻസ് നിയമവിരുദ്ധമാണെന്നും കുറ്റം എന്താണെന്ന് വ്യക്തമാക്കാതെയുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്നും തോമസ് ഐസക്കിന്റെ ഹർജിയിൽ പറയുന്നു.
കിഫ്ബിയും താനും ചെയ്ത കുറ്റം എന്താണെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സർക്കാർ പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബിക്കെതിരായ ഇ.ഡിയുടെ നീക്കം ഇതിന്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്തുകൊണ്ട് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത തേടി തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്.