ന്യൂഡൽഹി: താൻ ചെയ്തിരുന്ന ജോലി തുടരുമെന്നും സുപ്രീം കോടതി അതിന് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് രണ്ട് ദിവസം മുമ്പാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 27നാണ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഒരു ട്വീറ്റിന് രണ്ട് കോടി രൂപ പ്രതിഫലം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷമാണ് ഇത്തരമൊരു ആരോപണത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപ പ്രതിഫലം വാങ്ങിയാണ് ട്വീറ്റുകൾ നടത്തിയതെന്ന് ഉത്തർപ്രദേശ് സർക്കാരാണ് കോടതിയിൽ ആരോപിച്ചത്.
മുഹമ്മദ് സുബൈർ ഒരു പത്രപ്രവർത്തകനല്ല, മറിച്ച് തെറ്റായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ ട്വീറ്റ് ചെയ്ത് സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുകയാണ് സുബൈറിന്റെ ജോലിയെന്ന് യു പി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗരിമ പ്രസാദ് കോടതിയിൽ വാദിച്ചിരുന്നു.