തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവത്തിന് അരങ്ങുണർന്നു. നടൻ മുകേഷ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട പഴയകാല നാടക ഓർമകൾ മുകേഷ് പങ്കുവച്ചു.
നാടകത്തിന് ഒരിക്കലും മരണമുണ്ടാകില്ല. അമേച്വർ, പ്രൊഫഷണൽ രംഗങ്ങളിൽ അതു തുടരും. നാടകങ്ങളെ സ്നേഹിക്കുന്ന ഒരു തലമുറ ഇപ്പോഴും ഇവിടുണ്ട്. ഇനിയും അതു തുടരും. ചിലപ്പോഴൊക്കെ നാടകവും ജീവിതവുമായി ചേർന്നു വരുന്ന കഥാ മുഹൂർത്തങ്ങളുണ്ടാകും.
അത്രമേൽ നാടകങ്ങൾ ജനകീയവും ജീവിത ഗന്ഥിയുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.
സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ, രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിച്ചു. തുടർന്നു ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിച്ച നാടകം “മൃഗം’ അരങ്ങേറി.
ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ. കൃഷ്ണപിള്ള നാടക വേദിയുടെ ചെങ്കോലും മരവുരിയും അരങ്ങേറും. നാളെ വൈകിട്ട് 6 ന് നാടകം നടചരിതം. 21 ന് വൈകിട്ട് 6 ന് ഭാവന ആർട്സ് ആന്റ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം അലസ സുന്ദരി യക്ഷി. 22 ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസവും അരങ്ങേറും.