മുംബൈ: സംവിധായകരായ റൂസോ സഹോദരന്മാർ വീണ്ടുമൊരു ആക്ഷൻ ചിത്രവുമായി തിരിച്ചെത്തുന്നു. ദ ഗ്രേ മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പം ധനുഷും വേഷമിടുന്നുണ്ട്. നെറ്റ്ഫ്ളിക്സിൽ ആണ് റിലീസ്.
ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ ഇന്ത്യൻ ആരാധകർക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ജൂലൈ 20ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ആരാധകർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാർ പറഞ്ഞു.
മാർക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന ജോ റൂസോ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ജോ റോഥ്, ജെഫ്രി കിർഷെൻബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നിർമ്മാതാക്കൾ.