അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തിയത്. മെയ് 13നാണ് ഷെയ്ഖ് ഖലീഫ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹത്തായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ഖ് നഹ്യാന്റെ കീഴിലാണ് ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനം കൂടിയാണിത്.