ന്യൂയോർക്ക്: സെപ്റ്റംബർ 2 മുതല്‍ 5 വരെ മെക്സിക്കോയിലെ കാൻകൂനിൽ വെച്ച് നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിൽ പങ്കെടുക്കാൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ക്ഷണിച്ചു. ഫോമ പ്രസിഡന്റ് അനിയന് ജോർജ്ജ് രാജ്ഭവനില്‍ എത്തിയാണ് ക്ഷണിച്ചത്. ഫോമയ്ക്ക് വേണ്ടി അനിയൻ ജോർജ്ജ് ഗവർണറെ പൊന്നാടയണിയിച്ചു ഫോമാ കേരളത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും, ഫോമയുടെ പ്രവർത്തന പരിപാടികളെ കുറിച്ചും അമേരിക്കൻ പ്രവാസി മലയാളികളെ കുറിച്ചും അദ്ദേഹം താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. കാൻകൂണിൽ നടക്കുന്ന രാജ്യാന്തര കുടുബ സംഗമത്തിൽ പങ്കെടുക്കാൻ അദ്ദേഹം താല്പര്യവും പ്രകടിപ്പിച്ചു. അദ്ദേഹം ഫോമയ്ക്ക് ഒരു സ്നേഹോപഹാരവും നൽകി. ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിൽ ഗവർണ്ണർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീ അനിയൻ ജോർജ്ജ് പറഞ്ഞു.
മെക്സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
രജിസ്ട്രേഷൻ നടപടികൾ ജോയ് സാമുവൽ ചെയർമാനായും ബൈജു വർഗീസ് കൺവീനർ ആയും ഉള്ള അഞ്ചംഗ സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഇനിയും പേര് ചേർക്കാനുള്ളവർ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാൻ ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം അയിഷ