തിരുവനന്തപുരം: സംസ്ഥാന സർക്കാരും പൊലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പാലക്കാടും ആലപ്പുഴ ആവർത്തിക്കാൻ കാരണമായതെന്ന് തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അക്രമം പാലക്കാട് ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ പോപ്പുലർഫ്രണ്ട് നടത്തിയ ശ്രമങ്ങൾ പൊലീസ് അവഗണിച്ചു. മേലാമുറി എന്ന സ്ഥലം നേരത്തെ വർഗീയ സംഘർഷമുണ്ടായ സ്ഥലമാണ്. എന്നിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. ഇതാണ് പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം.
ഒരു കേസിലും പ്രതിയല്ലാത്ത നിരപരാധിയായ ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിന് കാരണം പൊലീസിന്റെ അലംഭാവമാണ്. ആലപ്പുഴയിലും അഭിഭാഷകനായ ബിജെപി നേതാവിനെ പട്ടാപകൽ കൊല ചെയ്തത് പൊലീസിന്റെ അനാസ്ഥ കാരണമാണ്. ആയുധമേന്തിയ ക്രിമിനലുകൾ കേരളമാകെ റോന്ത് ചുറ്റുന്ന കാര്യം അറിഞ്ഞിട്ടും പൊലീസ് എന്ത് ചെയ്തു? കേരളത്തിൽ ക്രമസമാധാന നില തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഭീകരവാദ സംഘടനകൾക്ക് മുമ്പിൽ പൊലീസ് മുട്ടുമടക്കുകയാണ്. ആഭ്യന്തരവകുപ്പ് സമ്പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞതായും സുരേന്ദ്രൻ പറഞ്ഞു.