പഞ്ചാബിൽ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ. ജൂലൈ ഒന്ന് മുതൽ ഇളവ് പ്രാബല്യത്തിൽ വരും. അധികാരത്തിലേറി ഒരു മാസം തികയ്ക്കുമ്പോഴാണ് മുഖ്യ വാഗ്ദാനം ആം ആദ്മി സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നത്. സൗജന്യ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ ഇന്ന് വിശദീകരിക്കും. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്രിവാളുമായി ഡൽഹിയിലെത്തി മുഖ്യമന്ത്രി ഭഗവന്ത് മൻകൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനം. പഞ്ചാബിൽ നിലവിൽ കാർഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്കദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യമായി നൽകുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന പ്രചാരണ അജണ്ടയായിരുന്ന വാതിൽപ്പടി റേഷൻ വിതരണ പദ്ധതി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. ഡൽഹി മോഡൽ കൂടുതൽ സൗജന്യ പദ്ധതികൾ പഞ്ചാബിൽ നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. വരാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഭരണനേട്ടം ഉയർത്തിക്കാട്ടാനാണ് ആം ആദ്മി പാർട്ടിയുടെ നീക്കം.