ഇസ്ലാമബാദ്: മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് പാകിസ്ഥാൻ നേതാവ് ഇമ്രാൻ ഖാൻ. പാർട്ടിയുടെ കോർ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് ഇമ്രാൻ ഖാൻ തീരുമാനമെടുത്തതെന്ന് മുൻ ഇൻഫർമേഷൻ മന്ത്രിയും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു. കാവൽ പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവി തിങ്കളാഴ്ച ഖാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനും കത്തയച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
രാഷ്ട്രപതിയുടെ കത്തിന് മറുപടിയായി, പിടിഐ കോർ കമ്മിറ്റിയുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷം, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ താൽക്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു,” ചൗധരി പറഞ്ഞു. പ്രസിഡന്റ് അൽവി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഒരു താൽക്കാലിക പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടരണം.