ബംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് ട്രെയിന്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്. യെലഹങ്ക സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് എകസ് പ്രസില്‍ കയറി പോകാതിരിക്കാനാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയില്‍വേ ഹെല്‍പ്പ്ലൈനിലേക്ക് ബോംബ് ഭീഷണി വന്നത്. ഇതേത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ ഒന്നര മണിക്കൂറോളം വൈകി.
തുടര്‍ന്ന് ആര്.പി.എഫ്. ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് മനസിലായത്. ഭീഷണിവന്ന ഫോണിലേക്ക് തിരിച്ച് വിളിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഈ നമ്പറിന്റെ അവസാന ലൊക്കേഷന്‍ പരിശോധിചതിനെ തുടർന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സലിങ് നല്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മുന്നറിയിപ്പ് നല്കി വിട്ടയച്ചു.
