ദോഹ: ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്.
കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് ‘അൽ രിഹ്ല’. പന്തിൽ ഉപയോഗിച്ചിരിക്കുന്ന പശയും മഷിയുമൊക്കെ ഇത്തരത്തിലുള്ളതാണ്.
പ്രമുഖ എഡ്യു-ടെക്ക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്പോൺസർമാരാകുന്നത്. ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെയും സ്പോൺസർമാരാണ് ബൈജൂസ്.
ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്.