കാബൂൾ: താടി വളർത്താത്ത ഉദ്യോഗസ്ഥരെ സർക്കാർ ഓഫീസുകളിൽ നിന്ന് വിലക്കി താലിബാൻ. എല്ലാ സർക്കാർ ജീവനക്കാരും താടി വടിക്കരുതെന്ന നിർദേശം താലിബാൻ ഭരണകൂടത്തിൻ്റെ സദാചാര മന്ത്രാലയം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.
രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലും തിങ്കളാഴ്ച പരിശോധന നടത്താൻ താലിബാൻ നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജീവനക്കാർക്ക് താടിയുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം ഡ്രസ് കോഡും പരിശോധിക്കും. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രവും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദേശം.
സർക്കാർ ജീവനക്കാർ ഇനിമുതൽ താടി വടിക്കാൻ പാടില്ലെന്ന നിർദേശം താലിബാൻ നൽകി. നൽകിയിരിക്കുന്ന ഡ്രസ് കോഡ് പാലിക്കാതെ ജോലിയിൽ പ്രവേശിച്ചാൽ ജോലിയിൽ നിന്നും പുറത്താക്കും. ഡ്രസ് കോഡ് നിരീക്ഷിക്കാൻ ഓഫീസുകൾക്ക് മുന്നിൽ പരിശോധന നടത്തുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ പുരുഷന്മാർ പ്രദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നുള്ള നിർദേശം മുൻപ് നൽകിയിരുന്നു.
രാജ്യാന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ഉണ്ടായിരിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം താലിബാൻ നൽകിയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം, ക്ലാസ് മുറിയിൽ പാലിക്കേണ്ട നിയമം, പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ എന്നിവ മുൻപ് താലിബാൻ നൽകിയിരുന്നു. വിദ്യാഭാസത്തിൻ്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെത്തുന്ന സ്ത്രീകൾക്കൊപ്പം പുരുഷന്മാർ ഉണ്ടായിരിക്കണമെന്ന നിർദേശം നൽകിയിരുന്നു. അമേരിക്കൻ സൈന്യം രാജ്യം വിട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ്റെ ഭരണം ഏറ്റെടുത്ത താലിബാൻ കർശന നിയന്ത്രണങ്ങളും ഉത്തരവുകളുമാണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്.