വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ഏപ്രില്‍ 13ന് റിലീസിനെത്തും. ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
എന്നാല്‍ സണ്‍ പിക്ചേഴ്സ് ആണ് സിനിമയുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശിവ കാര്ത്തികേയന് നായകനായെത്തിയ ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ജോര്‍ജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ബീസ്റ്റിലെ അടുത്തിടെ പുറത്തിറങ്ങിയ ‘അറബിക് കുത്ത്’ ഗാനം ഇതിനോടകം തരംഗമായിക്കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുന്‍പ് എത്തുന്നതെന്നാണ് സൂചന. ഏപ്രില്‍ 14നാണ് കെജിഎഫ് 2 റിലീസ്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസിനെത്തും.