ന്യൂയോര്‍ക്ക്: പ്യൂര്ട്ടിക്കോയില് മാര്‍ച്ച് 16 നടന്ന മിസ്സ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവതി ശ്രീസെയ്നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി.
ഹൃദയ തകരാര്‍ മൂലം 12 വയസ് മുതല്‍ പേസ്മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ, പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍ വളര്‍ന്ന സെയ്നി 2019 ഒക്ടോബറില്‍ നടന്ന മിസ് വേള്‍ഡ് അമേരിക്കാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ബോധരഹിതയായെങ്കിലും, പിന്നീട് ബോധം വീണ്ടെടുത്ത് മത്സരത്തില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
മിസ് ഇന്ത്യ യുഎസ്എയായി (2017-2018), മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡായി (2018-2019) ലും വിജയകിരീടം ചൂടിയിരുന്നു.
മോസസ് ലേക്കില്‍വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളലേറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവര്‍ ക്ലാസിലേക്ക് മടങ്ങിയിരുന്നു.
ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ വിജയപൂര്‍വ്വം തരണം ചെയ്താണ് ഇപ്പോള്‍ ഇവര്‍ വീണ്ടും കിരീടം നേടിയത്.
2021 മിസ് വേള്‍ഡ് മത്സരത്തില്‍ പോളണ്ടില്‍ നിന്നുള്ള കരോലിനായാണ് സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.