ബ്രസൽസ്: പ്രൈമറി സ്കൂളിൽ പഠിക്കുന്ന സമയത്ത് അപമാനിച്ച അദ്ധ്യാപികയെ മുപ്പതുകൊല്ലത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെൽജിയത്തിലാണ് സംഭവം. ഗണ്ടർ യുവെന്റസ് എന്ന യുവാവാണ് അദ്ധ്യാപികയായ മരിയ വെർലിഡയെ കൊലപ്പെടുത്തിയ കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. 1990 ഏഴ് വയസുകാരനായിരുന്ന തന്നെക്കുറിച്ച് അദ്ധ്യാപിക ക്ലാസിൽ നടത്തിയ ചില പരാമർശങ്ങൾ കാലങ്ങളായി തന്നെ വേട്ടയാടിയിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. മരിയയ്ക്ക് 101 വട്ടം കുത്തേറ്റിരുന്നു.
2020 നവംബർ 20 ന് സ്വന്തം വീട്ടിൽ വെച്ചാണ് മരിയ കൊല്ലപ്പെട്ടത്. അന്ന് മുതൽ പോലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് മരിയയുടെ ഭർത്താവ് കൊലപാതകത്തിന് സാക്ഷികളായി ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.
മരിയ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം പ്രതി സുഹൃത്തിനോട് കൊലപാതകവിവരം വെളിപ്പെടുത്തിയതാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. സുഹൃത്ത് പോലീസിൽ മൊഴി നൽകിയതോടെ പ്രതി വലയിലാവുകയായിരുന്നു.