കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം.
മണ്ണിനുള്ളില്‍ കുടുങ്ങിയ 7 അതിഥി തൊഴിലാളികളില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. മറ്റ് 4 പേരേയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം രക്ഷപ്പെടുത്തിയ മണിറൂള്‍ മണ്ഡല്, ജയറോള്‍ മണ്ഡല് എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. അഞ്ച് പേര് കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര് കുടുങ്ങിയതായി അഭ്യൂഹം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.