ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെയാണ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.
1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചും ശക്തമായ ലോക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
തുടർച്ചയായ മൂന്നാം ദിവസമാണ് 3 ലക്ഷത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്നാണു വിലയിരുത്തൽ. ജനുവരി അവസാനത്തോടെയാണു രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാൻ തുടങ്ങിയത്.