മനാമ: ബഹ്റൈനിലെ കലാപ്രേമികൾക്ക് ആസ്വാദനത്തിനുള്ള സുവർണാവസരമൊരുക്കി ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ‘ഡാൻസ് ധമാക്ക’ സിനിമാറ്റിക് സംഘനൃത്ത മത്സരം മാർച്ച് 25ന് അരങ്ങേറും. ബഹ്റൈനിൽ താമസിക്കുന്ന ഏത് രാജ്യക്കാർക്കും പങ്കെടുക്കാവുന്ന മത്സരം ജൂനിയർ (അഞ്ച് മുതൽ 17 വയസ്സ് വരെ), സീനിയർ (18ന് മുകളിൽ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് കെ.എം ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ ക്ലബ് പരിസരത്ത് വൈകീട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ പൊതുജനങ്ങൾക്കും ആസ്വാദകരായി പങ്കെടുക്കാൻ കഴിയും. ബഹ്റൈന് പുറത്തുനിന്നുള്ള ജഡ്ജിമാർ വിലയിരുത്തുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 300 ഡോളറാണ് സമ്മാനം.
രണ്ടാം സ്ഥാനക്കാർക്ക് 200 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 100 ഡോളറും സമ്മാനം ലഭിക്കും. 10 ദിനാറാണ് മത്സരത്തിനുള്ള എൻട്രി ഫീസ്. എൻട്രി ഫോറവും മറ്റ് വിശദ വിവരങ്ങളും ഇന്ത്യൻ ക്ലബ് റിസപ്ഷനിൽനിന്ന് ലഭിക്കും.
ഏത് ഇന്ത്യൻ ഭാഷയിലുമുള്ള സിനിമഗാനങ്ങൾ മത്സരത്തിൽ അവതരിപ്പിക്കാം. ഒരു ടീമിൽ ആറ് മുതൽ 10 വരെ അംഗങ്ങളാകാം. പരമാവധി ആറ് മിനിറ്റാണ് ഒരു ടീമിന് പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് എന്റർടെയ്ൻമെന്റ് സെക്രട്ടറി സെന്തിൽ കുമാർ (33340494), അസി. എൻറർടെയ്ൻമെന്റ് സെക്രട്ടറി ബിജോയ് കമ്പ്രത്ത് (39025573) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേളനത്തിൽ ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസ്, ബാഡ്മിന്റൺ സെക്രട്ടറി സി.എം. ജുനിത്, നൈട്രോ സ്പോർട്സ് മാനേജിങ് പാർട്ണർ സുമേഷ് മാണി, എന്റർടെയ്ൻമെന്റ് സെക്രട്ടറി സെന്തിൽ കുമാർ, ജർമൻ കിച്ചൺ ഡയറക്ടർ ജിൻസി ജോർജ്, മാനേജർ റൊണാൾഡ് പിന്റോ, ആനന്ദ് ലോബോ എന്നിവരും പങ്കെടുത്തു.