ഈ സീസണിലെ ഐപിഎൽ സീസണിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിനെ നയിക്കും. മെഗാ ലേലത്തിനു മുൻപ് പഞ്ചാബ് നിലനിർത്തിയ രണ്ട് താരങ്ങളിൽ ഒരാളായിരുന്നു മായങ്ക്. ശിഖർ ധവാൻ്റെ പേരും ഉയർന്ന് കേട്ടെങ്കിലും ഏറെക്കാലമായി ടീമിനൊപ്പമുള്ള മായങ്കിനെത്തന്നെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പഞ്ചാബ് കിംഗ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് ലേലത്തിൽ 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണുകളിൽ ലോകേഷ് രാഹുൽ ആയിരുന്നു പഞ്ചാബ് കിംഗ്സ് നായകൻ. മെഗാലേലത്തിനു മുൻപ് താരം ഫ്രാഞ്ചൈസി വിട്ടു. മെഗ ലേലത്തിനു മുൻപ് പുതിയ ടീമുകളിലൊന്നായ ലക്നൗ സൂപ്പർ ജയൻ്റ്സ് രാഹുലിനെ ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്.