ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയില്‍ തിലകക്കുറി വിവാദം. നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്കൂളില്‍ കയറ്റിയില്ല. മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് സ്കൂളില്‍ പ്രവേശിക്കരുത് എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടയുകയായിരുന്നു. ആചാരത്തിന്റെ ഭാഗമായുള്ള കുറി തൊടല് അനുവദിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. സമാധാന സാഹചര്യത്തിന് ഭംഗം വന്നേക്കുമെന്നായിരുന്നു അധ്യാപകരുടെ നിലപാട്.
വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഹിജാബിനും കാവി ഷാളിനുമാണ് നിരോധനമുള്ളതെന്നും പൊട്ടുതൊടുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകരുമായി അവര്‍ ഏറെ നേരം കലഹിച്ചു. എന്നാല്‍ കുറി മായ്ച്ചാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്ന് അധ്യാപകര്‍ പറഞ്ഞു. ഇതോടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു.
