തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാടു നിന്നുള്ള രാജേഷ് എം മേനോന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. 18നാണ് മണ്ണാര്‍ക്കാട് എസ്സി, എസ്ടി കോടതി കേസ് പരിഗണിക്കുക.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് നിയമ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കോടതിയില്‍ വിചാരണ നീണ്ടു പോകുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.
മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കവെ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചത്. കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ജി പിയ്ക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്.
എന്നാല്‍ കേസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് കേസില്‍ ഹാജരാകാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് വ്യക്തമാക്കി. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു മധുവിന്റെ കൊലപാതകം.