ഏകാട്രീൻബർഗ്: പശ്ചിമ-മധ്യ-റഷ്യയിലെ ആർട്ട് ഗാലറിയിൽ പ്രദർശി പ്പിച്ചിരുന്ന ദശലക്ഷങ്ങൾ വില വരുന്ന ചിത്രത്തിൽ ‘ബോറടി’ മാറ്റാൻ കുത്തിവരച്ച സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടു. ജോലിയിൽ പ്രവേശിച്ച ആദ്യദിനം തന്നെയാണ് സംഭവം. പുതിയ ജോലിയിൽ മുഷിപ്പ് തോന്നിയ ജീവനക്കാരൻ കണ്ണുകളില്ലാതിരുന്ന ചിത്രത്തിന് ബോൾ പോയിന്റ് പേന കൊണ്ട് വരച്ചു ചേർത്തു. ബോറിസ് യെൽസിൻ പ്രസിഡൻഷ്യൽ സെന്ററിലെ ചിത്രങ്ങളാണ് വികൃതമാക്കിയത്. രണ്ട് സന്ദർശകർ ചിത്രം വികൃതമാക്കിയത് തിരിച്ചറിയുകയും ഗാലറി അധികൃതരെ വിവരം ധരിപ്പിക്കുകയുമായിരുന്നു. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഡിസംബർ ഏഴിന് നടന്ന സംഭവം പുറത്തു വന്നത്.
ത്രീ ഫിംഗേഴ്സ് എന്നു പേരിട്ടിരുന്ന ചിത്രം 74.9 ദശലക്ഷം റഷ്യൻ റൂബിളിന് (7.51 കോടി രൂപ) ഇൻഷുറൻസ് ചെയ്തതാണ്. ‘വസ്തുനിഷ്ഠമല്ലാത്ത ലോകം’ എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചിത്രമാണ് നശിപ്പിച്ചത്. വിഖ്യാത ചിത്രകാരൻ കാസിമിർ മാലെവിചിന്റെ ശിഷ്യനായരുന്ന അനാ ലെപ്രോസ്കായ 1930കളിൽ വരച്ച ചിത്രമാണിത്. ചിത്രം പഴയപോലെയാക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഏകദേശം 2,50,000 റൂബിൾ (2.5 ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കു കൂട്ടൽ.
സെക്യൂരിറ്റി ജീവനക്കാരന് 40,000 റൂബിൾ പിഴ ശക്ഷയും ഒരു വർഷം നിർബന്ധിത തൊഴിൽ ശിക്ഷയും ലഭിക്കുമെന്നാണ് സൂചന.