ഇന്ത്യയിലെ ഹിജാബ് സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും 2018 ഫുട്ബോൾ ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബ കർണാടകയിൽ നിന്നുള്ള ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘ഇന്ത്യയിലെ ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികളെ ഹിന്ദുത്വ ആൾക്കൂട്ടം കോളജിൽ ഉപദ്രവിക്കുന്നത് തുടരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പങ്കുവെച്ചത്.
നൊബേൽ ജേതാവ് മലാല യൂസഫ്സായിക്ക് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയും വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പോഗ്ബയുടെ പ്രതികരണം.
ഇന്ത്യയിൽ ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന മുസ്ലിം വിദ്യാർഥികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ഉപദ്രവിക്കുന്നത് തുടരുകയാണ് എന്ന് തലക്കെട്ടോടെ 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പോൾ പോഗ്ബ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. കാവിയണിഞ്ഞ നിരവധി ആൺകുട്ടികളും പുരുഷൻമാരും ഹിജാബണിഞ്ഞ പെൺകുട്ടികൾക്ക് ചുറ്റുംകൂടി ആക്രോശിക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് ആൺകുട്ടികൾ പെൺകുട്ടികൾക്ക് ചുറ്റും മനുഷ്യമതിൽ തീർത്തിരിക്കുന്നതും വിഡിയോയിലുണ്ട്.